ജലരേഖകള്‍

Tuesday, March 8, 2011


വീട്ടില്‍ നിന്ന് റോഡിലേയ്ക്കുള്ള വഴി ഒരസാധരണ ചിത്രം പൊലെ. മുറ്റത്തുനിന്ന് നേരെ പൊയി വളഞ്ഞ് പിന്നെയും നേരെ പൊയി ഒന്നു ചെറുതായി കാരണം കൂടാതെ S രൂപത്തിലായി റോഡില്‍ ലയിക്കുന്നു .എന്തുകൊണ്ടായിരിക്കും ഒരു വഴിയും നേരെ പൊകാത്തത്, അല്ലെങ്കില്‍ എന്തുകൊണ്ടാവും ഒരാളും നേരെ നടക്കാത്തത്. ആരും ചിന്തിക്കാറില്ല വിദ്യയും.

ചവിട്ടു പടിയില്‍നിന്ന് കയറിന്റെ ചവിട്ടിയെടുത്ത് കണ്ണുകള്‍ ഇറുക്കിയടച്ച് വിദ്യ ചവുട്ടി തെങ്ങില്‍ ആഞ്ഞടിച്ചു. ചവിട്ടിയില്‍ നിന്ന് മണ്ണ് അവളുടെ ദേഹത്തേക്ക് ചിതറി തെറിച്ചു. ചവിട്ടി തിരിച്ച് പടിയില്‍ ഇട്ട ശേഷം അവള്‍ പെട്ടെന്ന് തിരിഞ്ഞു വഴിയിലേക്ക് നോക്കി വഴി. ശൂന്യം ദേഹത്തെ മണ്ണ് തട്ടി കളഞ്ഞ് അവള്‍ വീട്ടിലേയ്ക്ക് കയറി. അകത്ത് നിന്ന് ഒന്നു കൂടി തിരിഞ്ഞു നോക്കി നിരാശയൊടെ അടുക്കള ഭാഗത്തെ പൈപ്പില്‍ നിന്ന് ടാപ്പ് തുറന്ന്‌ ഒരു ബക്കറ്റ് വെള്ളമെടുത്ത് പഴയൊരു തുണികൊണ്ട് നിലം തുടക്കാന്‍ തുടങ്ങി. അപ്പൊഴും അവള്‍ പൊലുമറിയാതെ കണ്ണുകള്‍ വഴിയിലേക്ക് നീണ്ടു.

മതിലിനരുകിലെ മാവില്‍ നിന്ന് ഒരു തോട്ടി കൊണ്ട് മാങ്ങ പറിയ്ക്കുകയാണ്‌ ശാരദാമ്മ. കഴിഞ്ഞ കൊല്ലം ഈ മാവിന്‌ ഭ്രാന്തായിരുന്നു പക്ഷെ ഇകൊല്ലം അഞ്ചോ ആറോ മാങ്ങ കാണും. ഇലകള്‍ക്കിടയിലൂടെ തോട്ടി നീട്ടുന്നതിനിടയില്‍ വിദ്യ ബക്കറ്റുമായി മുറ്റത്തു വന്ന് വഴിയിലെയ്ക്ക് നോക്കുന്നത് കണ്ട് ശാരദാമ്മ ചൊദിച്ചു.

'മോള്‍ ആരെയാണ്‌ നോക്കുന്നത്'

ബക്കറ്റിലെ കറുത്തവെള്ളം ചെടികള്‍ക്ക് മേലെയൊഴിച്ച് അവള്‍ മറുപടി പറഞ്ഞു.

'അഛന്‍ ഇതുവരെ വന്നില്ലമ്മേ'

അഛന്‍ വൈകുന്നതിന്റെ നീരസം അവളുടെ നെറ്റിയില്‍ വരകളായി രൂപം കൊണ്ടു.

വൃശ്ചിക കാറ്റിന്റെ ശക്തിയില്‍ മാവ് ആടിയുലഞ്ഞു. കരിയിലകള്‍ ചെറുകിളികളെ പൊലെ മാവില്‍ നിന്ന് കൂട്ടത്തൊടെ പറന്നു. തോട്ടിയില്‍ നിന്ന് അകന്നും അടുത്തും മാങ്ങകള്‍ ശാരദയെ പറ്റിച്ചു കൊണ്ടിരുന്നു .മടുപ്പ് തോന്നി തിരിഞ്ഞപ്പൊള്‍ തന്നെയും നോക്കി നില്‍ക്കുന്നു രണ്ടു പേര്‍. മുന്‍പ് ആരൊ എന്തൊ ചൊദിക്കുന്നതായി തോന്നിയിരുന്നു. ശാരദയ്ക്ക് കേട്ടുകേള്‍വിയില്ലാത്ത ഒരു മേല്‍വിലാസമാണവര്‍ ചൊദിക്കുന്നത്. കയറ്റികുത്തിയ സാരി താഴ്ത്തി കൈകൊണ്ട് തലയൊന്നു ഒതുക്കി അവള്‍ പറഞ്ഞു.

'എനിക്കറിയില്ല'

മറ്റു ചൊദ്യങ്ങള്‍ ചൊദിച്ചെങ്കിലും പരിചയമില്ലാത്ത രണ്ടാളുടെ മുന്നില്‍ നില്‍ക്കാന്‍ നാണം

സമ്മതിക്കാത്തതിനാല്‍ തൊട്ടി വലിച്ചെറിഞ്ഞ് അവള്‍ വീട്ടിലെയ്ക്കൊടി.

ഒരാഴ്ച കഴിഞ്ഞപ്പൊഴാണറിഞ്ഞത് അതൊരു പെണ്ണുകാണല്‍ ചടങ്ങായിരുന്നു. സിലോണിലാണ്‌ ചെറുക്കന് ജോലി.അന്നു വന്നവരില്‍ കട്ടിമീശയുള്ള ഒരാള്‍ ശാരദയുടെ മനസ്സില്‍ വെറുതെ...വെറുതെയൊരു തണുത്ത പൊള്ളലായി കിടന്നതിനാല്‍ ചെറുക്കന്‍ അതാവണമെന്നവള്‍ പ്രാര്‍ത്ഥിച്ചു.

സിലോണ്‍ ശാന്തമായിരുന്നെങ്കിലും വിവാഹം കഴിഞ്ഞ്‌ രണ്ടാഴ്ച്ച കഴിഞ്ഞപ്പൊള്‍ അയാള്‍ പൊയി. അടുത്ത് തന്നെ തിരിച്ചു വരുമെന്ന ഉറപ്പുമായി. പക്ഷെ അയാള്‍ തിരിച്ചു വന്നില്ല. കുറെ നാള്‍ വിദ്യയെയും ഒക്കത്തുവെച്ച് ശാരദ വഴിയുടെ ഏറ്റവും അറ്റത്തെ വളവില്‍ നിന്ന് കട്ടിയുള്ള മീശയും ചെറിയ കഷണ്ടിയും അല്പം അപരിചിത്വവുമായി ഒരാളുടെ പ്രത്യക്ഷപെടലും പ്രതീക്ഷിച്ചിരിന്നിരുന്നു. .

പക്ഷെ അയാള്‍ക്ക് സിലോണില്‍ ഭാര്യയും കുട്ടികളുമുണ്ടെന്ന് ഭര്‍ത്താവിന്റെ ബന്ധുകള്‍ തന്നെ പറഞ്ഞറിഞ്ഞപ്പോള്‍ മുതല്‍ അവള്‍ വഴിയിലെക്കുള്ള നോട്ടം നിറുത്തി സ്വന്തം ജീവിതത്തിലേക്ക് മടങ്ങി. .ഒരു ഘട്ടത്തിലും വിദ്യയൊടൊരിക്കലും അവള്‍ക്കൊന്നും പറയെണ്ടി വന്നിട്ടില്ല. അമ്മയുടെ മുല പാലിനൊടൊപ്പം അവളാകഥയും ഗ്രഹിച്ചിരുന്നു.

അഛന്‍ വരാന്‍ വൈകുന്നത് വിദ്യയില്‍ ഉത്കണ്ഠയുണ്ടാക്കി. മനസ്സില്‍ ആശങ്കകള്‍ തുങ്ങി നില്‍ക്കുന്ന കാരണം വീട്ടു ജോലി തുടരാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. ഒടുവില്‍ ജോലി നിറുത്തിവച്ച് തെങ്ങുകള്‍ക്കിടയിലൂടെ വളഞ്ഞൊടുന്ന റോഡിലെയ്ക്ക് ദൃഷ്ടിയുന്നി മുഖം കൈകളില്‍ താങ്ങി വിദ്യ വരാന്തയിലെ കസേരയിലിരുന്നു.

ടിപോയിയില്‍ മകന്‍ അഭിരാമിന്റെ എട്ടാം ക്ലാസ്സിലെ ഇംഗ്ലിഷ് പുസ്തകത്തിനു മേല്‍ ഇന്നു കല്യാണ വീട്ടില്‍ നിന്ന് കിട്ടിയ മിഠായിയും വധു വരന്മാരുടെ ഫോട്ടോയുള്ള കാര്‍ഡും. കാര്‍ഡും മറിച്ചു നോക്കി കല്യാണ വീട്ടിലെ മരത്തണലിട്ട കസേരയിലിരിക്കുമ്പോഴാണ്‌ പഴയൊരു ബന്ധു ഒരു കസേരയുമായി അവളുടെ അടുത്ത് വന്നത്. ഭര്‍ത്താവിനെ കുറിച്ചും മകനെ കുറിച്ചുമൊക്കെ ചോദിക്കുന്നതിനിടയില്‍ അവര്‍ പറഞ്ഞു.

'ഞാന്‍ നിന്റെ മോനെ ഒരു ദിവസം കണ്ടിരുന്നു അവന് നിന്റെ അഛന്റെ അതെ ഛായയാണ്‌ അതെ നടപ്പും നില്പ്പുമെല്ലാം'

അഛന്‍‍....

അന്നാദ്യമായി അവളുടെ മനസ്സില്‍ അഛനെന്ന പദം രൂപം കൊണ്ടു. വലിയ മീശയൊടെ അഭിരാമിന്റെ മുഖം അവള്‍ സങ്കല്പിച്ചു.

കല്യാണ വിശേഷങ്ങളറിയാന്‍ കാത്തു നിന്ന അമ്മയൊട് അവള്‍ ഒരു മുഖവുരയുമില്ലാതെ ചൊദിച്ചു.

'അമ്മേ നമ്മുടെ അഭിക്ക് അഛന്റെ ഛായ ആണോ'

അങ്ങിനെയൊരു ചോദ്യം ശാരദാമ്മ പ്രതീക്ഷിച്ചില്ല. ശാരദാമ്മയുടെ മനസ്സിലെ ഭര്‍ത്താവിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം മുഴുവന്‍ വാലന്‍ പുഴുവിന്റെ കുത്തേറ്റ് നശിച്ചിരുന്നു. അഭിരാമിന്റെ മുഖത്തില്‍ ഓര്‍ത്താല്‍ കിട്ടാത്ത മറ്റൊരു മുഖം സന്നിവേശിപ്പിക്കാന്‍ ശ്രമിച്ച ശാരദാമ്മയുടെ ശ്രമം പരാജയപെട്ടു. നിസ്സഹായതൊടെ അവര്‍ പറഞ്ഞു.

'എനിക്കൊര്‍മ്മ വരുന്നില്ല'

കസേരയില്‍ നിന്ന് പിന്തിരിഞ്ഞ് വിദ്യ ഹാളിലെ ചുമരില്‍ തൂക്കിയ ക്ലോക്കിലെയ്ക്ക് നോക്കി സമയം 4.30 പിന്നെ മുഖത്ത് വിരിഞ്ഞ ആകാംക്ഷയൊടെ അവള്‍ റോഡിലെയ്ക്ക് നോക്കി.വഴിയുടെ അങ്ങെ തലക്കല്‍ സൈക്കിളില്‍ അഭിരാം പ്രത്യക്ഷപെട്ടു. വിദ്യ ജിഞ്ജാസയൊടെ വീണ്ടും സൂക്ഷിച്ചു നോക്കി.

അതെ........

അവള്‍ കസേരയില്‍ നിന്നെഴുന്നെറ്റു ഒതുങ്ങി നിന്നു.

‌‌-----അഛന്‍ വരുന്നു.

8 comments:

രമേശ്‌ അരൂര്‍ said...

ഈ കഥ ആവശ്യപ്പെടുന്ന വല്ലാത്ത ഒരു ഭാവം അതെ പടി സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട് ..ആശംസകള്‍ ..

പട്ടേപ്പാടം റാംജി said...

നിഗൂഢമായ ഒരോര്‍മ്മ സമ്മാനിച്ചുകൊണ്ട് പതിയെ തഴുകി കടന്നുപോയ കഥ.

T.S.NADEER said...

എന്തുകൊണ്ടായിരിക്കും ഒരു വഴിയും നേരെ പൊകാത്തത്,

Anonymous said...

കുട്ടികഥകളില്‍ നിന്നും വലിയ ചെറുകഥകളിലേക്കുള്ള ഈ വരവില്‍ ഇനിയും ഇത് പോലെ നല്ല രചനകള്‍ ഉണ്ടാവട്ടെ

sudhi puthenvelikara
bahrain

Minesh Ramanunni said...

ആദ്യം പറഞ്ഞ കമന്റ് തിരിച്ചെടുക്കുന്നു. ഇപ്പോള്‍ കഥ ഋജുവായി ഒറ്റയടിക്ക് ആശയത്തെ സംവേദിപ്പിക്കുന്നു. റഫ് കൊപിയില്‍ നിന്നും നടത്തിയ മിനുക്ക്‌ പണികള്‍ കൊള്ളാം. എഴുത്തിന്റെ വഴിയില്‍ ഇനിയും ഇത്തരം വലിയ കഥകള്‍ ജനിക്കട്ടെ.ആശംസകള്‍ !!!

anju minesh said...

aardramaaya varikal.....enkilum kunji kathakalude theevramaya bhashayanu ashachetante plus point....orkkukka...

ബെഞ്ചാലി said...

നല്ല അവതരണം. അഭിനന്ദനങ്ങൾ

Sulfikar Manalvayal said...

കഥ കൊള്ളാം.
വിദ്യയുടെ ചിന്തകള്‍ നന്നായി കഥയില്‍ അവതരിപ്പിച്ചിരിക്കുന്നു.
ആശംസകള്‍.