ഒരു സര്‍ക്കസ്സുക്കാരന്റെ മെയ് വഴക്കത്തോടെ പുഴയിലേക്ക് ചാഞ്ഞു കിടക്കുന്ന തലയില്ലാത്ത തെങ്ങിലേയ്ക്ക് അയാള്‍ നടന്നു കയറി. കുലുങ്ങുന്ന തെങ്ങില്‍ തന്റെ ബാലന്‍സ് തെറ്റിക്കാതിരിക്കാന്‍ കൈകള്‍ ഇരുവശത്തേയ്ക്കും നിവര്‍ത്തി പിടിച്ചു. ഇപ്പോള്‍ മുതല്‍ ഭുമിയുമായുള്ള ബന്ധം താല്‍ക്കാലികമായി അയാള്‍ അവസാനിപ്പിച്ചിരിക്കുന്നു. അവിടെ നിന്നയാള്‍ ആകാശത്തേയ്ക്ക് തലയുയര്‍ത്തി. അലഞ്ഞു തിരിയുന്ന മേഘക്കൂട്ടങ്ങള്‍ അയാളുടെ കണ്ണുകളെ വിടര്‍ത്തി. ഒരു ശില്പസൃഷ്ടിയുടെ രതി മുര്‍ച്ചയില്‍ അയാള്‍ ഉന്മാദത്തിലായി. കണ്ണിനു മിതെ വലതു കൈ വച്ച് കാഴ്ചയ്ക്ക് സുഷ്മത വരുത്തിക്കൊണ്ടയാള്‍ തന്റെ സൃഷ്ടിക്ക് ബലിയാകേണ്ട മേഘത്തെ തിരഞ്ഞു. എളുപ്പം വഴങ്ങുന്നവ വിരളമെങ്കിലും തെക്ക് മാറി കറുപ്പും വെളുപ്പമായി കൂട്ടം തെറ്റിയ ഒരു മേഘം. അതെ അത് തന്നെ......
തെങ്ങില്‍, കാലുകള്‍ ഉറപ്പിച്ച് മുഷിഞ്ഞ മുണ്ട് അഴിച്ച് വലിച്ചെറിഞ്ഞു. ഏത് സൃഷ്ടിയേയും ലൈംഗികപരമായി സമീപിക്കണമെന്നും കപടമില്ലാത്ത ലൈഗികതയാണ് ഉത്തമ സൃഷ്ടിയെന്നും അയാള്‍ വിശ്വസിക്കുന്നു. താഴെ പുഴയില്‍ ചെമ്മീന്‍ പിടിച്ചിരുന്ന കാളിപെണ്ണ്, വെള്ളത്തിലെറിയാന്‍ വാരിയെടുത്ത ചെളി ഒരു പുളിച്ച തെറിയോടുകൂടി അയാളുടെ നഗ്നതയിലെക്കെറിഞ്ഞു.ഒന്നും അറിയാതെ നിശബ്ദമായി ഇരു കൈകളിലും ഉളിയും ചുറ്റികയും ഉണ്ടെന്ന ധാരണയില്‍ മേഘത്തില്‍ അയാള്‍ കൊത്താന്‍ തുടങ്ങി.
കൊമ്പുകളില്‍ ചുവപ്പും പച്ചയും ചായം തേച്ച കാളകളുമായി പൊള്ളാച്ചിയില്‍ നിന്ന് വന്ന അറുമുഖന്‍ നാരായണമംഗലത്ത് വെച്ച് കൂട്ടുകാരനുമായി പിണങ്ങി. ആ പിണക്കം ഉഴുവത്ത്കടവ് വളവില്‍ വച്ച് തല്ലായി മാറി. കാളകള്‍ക്കിടില്‍ ഒരു തമിഴ് സിനിമയുടെ സ്റ്റണ്ട് രംഗം പോലെ അവര്‍ തമ്മിലടിച്ചു. പൊള്ളാച്ചിയിലെ ഒരു പെണ്ണായിരുന്നു വിഷയം.
ലച്ച്മി.....
ദാവണി ചുറ്റിയ കറമ്പിയായ ലച്ച്മി അറുമുഖന്റെ സ്വപ്നങ്ങളില്‍ ഫണം വിടര്‍ത്തിയാടി. രാവുകളില്‍ അവളുടെ മിഴി സാഗരത്തില്‍ ഒരു സ്വപ്ന തോണിയില്‍ സ്വര്‍ഗത്തിലേക്കവന്‍ തുഴഞ്ഞിരുന്നു.ആ ലച്ച്മിയെ പറ്റി അശ്ലില ചുവയുള്ള തമാശ കേള്‍ക്കാന്‍ അറുമുഖന്‍ അശക്തനായിരുന്നു.
രണ്ടു പേരും ചോരയില്‍ കുളിച്ചു നില്‍ക്കുന്നത് കണ്ടു നാട്ടുകാര്‍ ഓടി കൂടി. ഒരുമിച്ചുള്ള യാത്ര ഇനിയും പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നുറപ്പായ നാട്ടുകാര്‍ കുട്ടുകാരനോടു കാളകളുമായി യാത്ര തുടരാന്‍ ആവശ്യപ്പെട്ടു. അവന്‍ ഒരു കാളയുടെ കൊമ്പില്‍ കെട്ടിയ സഞ്ചി അഴിച്ചെടുത്ത് റോഡിലേയ്ക്ക് വലിച്ചെറിഞ്ഞ് കാളകള്‍ക്കൊപ്പം നടന്നു. സഞ്ചിയില്‍ നിന്ന് ഉളിയും ചുറ്റികയും പുറത്തേയ്ക്ക് തെറിച്ചു.
അറുമുഖന്‍ അയാളുടെ കൈകളിലേയ്ക്ക് നോക്കി നിറം മങ്ങിയ രണ്ടു ഒറ്റ രൂപ.'വാങ്കിട്' അറച്ചു നിന്ന അറുമുഖത്തോട് അമ്മ അടുക്കളയില്‍നിന്നു വിളിച്ചു പറഞ്ഞു .അയാളുടെ ഉള്ളം കൈയ്യില്‍ നിന്ന് നാണയ തുട്ടെടുത്ത് അവന്‍ ചാരായത്തിന്റെ പുളിക്കുന്ന ഗന്ധത്തില്‍ നിന്ന് പുറത്തു കടന്നു. വരാന്തയില്‍ ചെത്തി വൃത്തിയാക്കിയ
കാളകൊമ്പുകള്‍ക്കിടയില്‍ പൂര്‍ണമാവാത്ത ശില്പം പോലെ അച്ചന്‍. ഇനി വിട്ടില്‍ നടക്കാന്‍ പോകുന്ന സംഭവങ്ങളെ മനസ്സില്‍ നിന്ന് തുടച്ചു കളഞ്ഞ് അവന്‍ പനന്തോട്ടത്തിലുടെ താഴെ പാടത്തേക്കിറങ്ങി. പാടത്ത് നിലമുഴുകുന്ന ട്രാക്ക്റ്ററിന്റെ പുറകെയോടുന്ന കുട്ടികള്‍. അവനും കൂടെ ഓടി. വരണ്ട നിലത്ത് ചാലുകള്‍ രൂപപെട്ടു കൊണ്ടിരുന്നു. തനിക്കു ചുറ്റും വലയങ്ങള്‍ കൂടി കൊണ്ടിരിക്കെ ട്രാക്ക്റ്ററിന്റെ ശബ്ദം പെട്ടെന്ന് നിന്നു.ഇപ്പോള്‍ അവന്‍ കാണുന്നത് എല്ലാവരും വലിയ ശബ്ദത്തോടെ തന്റെ വിട്ടിലെക്കോടുന്നതാണ്. കാലുകള്‍ക്ക് വേണ്ടത്ര ബലം പോരാതെ നില്‍ക്കാന്‍ പോലും കഴിയാതെ വരമ്പിലേക്കവന്‍ വിണു.
തന്റെ ഇംഗിതത്തിനനുസരിച്ച് നിന്നു തരാത്ത മേഘശകലങ്ങളെ തെറി വിളിച്ച് തന്റെ കൈയ്യിലുണ്ടെന്നയാള്‍ വിചാരിക്കുന്ന ഉളിയും ചുറ്റികയും ദേഷ്യത്തോടെ വലിച്ചെറിഞ്ഞു. പിന്നെ തിരിച്ചു സുഷ്മതയോടെ കരയിലേക്കിറങ്ങി. അഴിച്ചു കളഞ്ഞ മുണ്ട് അയാള്‍ക്ക് വേണ്ടി ആറ്റുവഞ്ചിയില്‍ കുടുങ്ങി കിടക്കുന്നുണ്ടായിരുന്നു. നീണ്ട നരച്ച താടി തടവി അയാള്‍ പുല്ലില്‍ മലര്‍ന്നു കിടന്നു.
കൊക്ക്,മരകൊമ്പിലെ കിളികള്‍ തുടങ്ങി മുന്നോ നാലോ തരം ശില്പങ്ങളെ അറുമുഖന്‍ ഉണ്ടാക്കുമായിരുന്നുള്ളൂ . ചന്തയില്‍ നിന്ന് ചോരയോട് കൂടി കാളകൊമ്പുകള്‍ കൊണ്ടു വന്ന് അറുമുഖന്‍ ജോലി തുടങ്ങിയാല്‍ രാത്രിയയാലെ നിറുത്തു. മനോഹരമെന്നു പൂര്‍ണമായും വിശേഷിപ്പിക്കാന്‍ കഴിയില്ലെങ്കിലും ആ ശില്പങ്ങള്‍ക്ക് ഒരു ചന്തമുണ്ടായിരുന്നു. പഴയ പോസ്റ്റാഫിസിനടുത്തുള്ള ഒരു ഗള്‍ഫുകാരന്‍, അറബിക്ക് സമ്മാനമായി കൊടുക്കാന്‍ അതിലൊന്ന് വാങ്ങിച്ചതോടെ അറുമുഖന്‍ നാട്ടില്‍ ശ്രദ്ധിക്കപ്പെട്ടു. പുഴയോരത്ത് മുനിസിപ്പല്‍ റോഡില്‍ കമ്പുകളും ചാക്കുകളും പ്ലാസ്റ്റിക്ക് ഷിറ്റുകളും കൊണ്ട് ഒരു കുടില്‍ രൂപം കൊണ്ടു. ജോലിയും താമസവും പിന്നെ അതിലായി.അങ്ങിനെയിരിക്കെ കുടിലിലൊരു പെണ്ണനക്കം. എല്ലാവരെയും അറുമുഖന്‍ പരിചയപ്പെടുത്തി 'ഇത് ലച്ച്മി..എന്‍ പൊണ്ടാട്ടി' അതിനുശേഷമാണ് നാട്ടുകാര്‍ അറുമുഖന്റെ മുഖത്ത് ചിരി കണ്ടത്.
പിന്നിട് ശില്പങ്ങളുടെ വില്പന ക്ഷേത്ര പരിസരത്തെയ്ക്ക് മാറ്റി. സന്ധ്യയാകുമ്പോള്‍ അരിയും കള്ളുമായി അക്കരെ നിന്നും ലച്ച്‌മിയുടെ അടുത്തേയ്ക്ക് അറുമുഖന്‍ എത്തും. പിന്നെ എം ജി ആറിന്റെ സിനിമാഭിനയമാണ് മുഖ്യ ഹോബി. ഒരു ദിവസം അമ്പല നടയിലെ ആല്‍ത്തറയില്‍ ശില്പങ്ങള്‍ നിരത്തി വച്ച് അടുത്ത തട്ട് കടയില്‍ നിന്ന് ചായ വാങ്ങികുടിക്കുന്നതിനിടയിലാണ് അയാള്‍ കണ്ടത്..ഒരു കാലിനു മുടന്തുള്ള ഒരു കൌമാരക്കാരന്‍ തന്റെ ശില്പങ്ങള്‍ തുടച്ചു മിനുക്കുന്നു. തട്ടുകടയില്‍ നിന്ന് പാലുംവെള്ളവും വാങ്ങിയാണ് അവന്റെ അടുത്തെത്തിയത്.
വഞ്ചിയിറങ്ങി വരുന്ന അറമുഖന്റെ കൂടെ ഒരു മുടന്തന്‍ പയ്യനെ കണ്ടു നെറ്റി ചുളിച്ചെങ്കിലും അറുമുഖന്‍ ലച്ച്മി ദമ്പതികള്‍ക്കിടയില്‍ മുത്തു ഒരു സഹായിയുടെ സ്ഥാനം നേടി. വൈകാതെ കുട്ടികളില്ലാത്ത അറുമുഖന്‍ മുത്തുവില്‍ തന്റെ പിതൃത്വം ദര്‍ശിച്ച് അവനെ പണി പഠിപ്പിക്കാന്‍ തുടങ്ങി.
മലര്‍ന്നു കിടക്കുന്ന അയാളുടെ മുകളില്‍ ആകാശത്തിലുടെ പ്രത്യേക രീതിയില്‍ പറക്കുന്ന കിളികളെ നോക്കി അയാള്‍ പിറു പിറുത്തു.സംഘം ചേര്‍ന്ന് പോകുന്ന എന്തും അയാള്‍ക്ക് വെറുപ്പുണ്ടാക്കും. ഭുമിയിലെ ഒരു മനുഷ്യ പറവയായ് അലഞ്ഞു തിരിയുന്ന തന്നെ കുറിച്ചൊരു പക്ഷെ അയാള്‍ ചിന്തിച്ചിരിക്കും.
ഇരുട്ടിന്റെ മറ പറ്റി കനോലിയിലൂടെ നിശബ്ദമായി തുഴഞ്ഞ് ചാരായവും കൊണ്ട് പോകുന്ന ചെറു വഞ്ചിക്കാര്‍ അറുമുഖന്റെ കുട്ടുകാരായിരുന്നു. അപ്രിതിക്ഷിതമായുണ്ടാകുന്ന പോലീസിന്റെ സാന്നിദ്ധ്യം കുവി അറിയിക്കുന്നതിനുള്ള പ്രതിഫലം ചാരായം തന്നെയായിരുന്നു. ഒരു രാത്രിയില്‍ പുഴക്കരയില്‍ അറുമുഖനും മുത്തുവും നില്‍ക്കുമ്പോള്‍ വഞ്ചിക്കാര്‍ വിളിച്ച് ചോദിച്ചു 'അടുക്കണോ' 'എന്നാല്‍ അടുക്ക്' മറുപടി പറഞ്ഞശേഷം അറുമുഖന്‍ മുത്തുവിനോട് വിട്ടില്‍ പോയി അമ്മയുടെ കൈയ്യില്‍ നിന്ന് പാത്രം വാങ്ങി വരാന്‍ പറഞ്ഞു.
കരയിലും വഞ്ചിയിലുമായി അവര്‍ സംസാരിച്ചിരുന്നു. പിന്നെയെപ്പോഴോ പാത്രം എടുക്കാന്‍ പോയവനെ കുറിച്ച് ഓര്‍ത്തു മുത്തുവിനെ തെറി വിളിച്ചു കൊണ്ടയാള്‍ വിട്ടിലേയ്ക്ക് പോയി. പിന്നെ വഞ്ചിക്കാര്‍ കേട്ടത് അറുമുഖന്റെ അലര്‍ച്ചയായിരുന്നു. പങ്കായം കരയിലുന്നി അവര്‍ വഞ്ചി തള്ളിവിട്ടു. കരയിലുടെ കത്തിച്ച ചുട്ടുകള്‍ അറുമുഖന്റെ വിട്ടിലേയ്ക്ക് പോകുന്നത് അവര്‍ കണ്ടു.
ചുട്ടിന്റെ വെളിച്ചത്തില്‍ അര്‍ദ്ധ നഗ്നയായ ലച്ച്മി തല കുമ്പിട്ട് നിന്നു. മുത്തു ഭയന്ന് തെങ്ങിന്‍ മറയില്‍ ഒളിച്ചു. അവന്റെ കൈ മാത്രം കാണാം. അറുമുഖം ചുറ്റും നോക്കി. തനിക്കു നേരെ ക്രുരതയോടെ നോക്കുന്ന ചുവപ്പും പച്ചയും ചായം കൊമ്പുകളില്‍ തേച്ച കാളകള്‍... ചാരായത്തിന്റെ ആ പഴയ മണം..മുത്തുവിന്റെ കൈകളില്‍ രണ്ടു ഒറ്റ രൂപയുണ്ടോ......അയാള്‍ കാലുകള്‍ തളര്‍ന്ന് നില്‍ക്കാന്‍ ശക്തിയില്ലാതെ തറയിലിരുന്നു.
ആകാശം മേഘശുന്യമായ ഒരവസ്ഥയില്‍ അറുമുഖന്‍ കമിഴ്ന്നു കിടന്നു. താഴെ പുല്ലുകള്ക്കിടയില്വരി വരിയായി പോകുന്ന ഉറുമ്പുകള്‍. അറുമുഖന്‍ കണ്ണുകള്‍ ഇറുക്കിയടച്ച് ഇരുട്ടുണ്ടാക്കി അതിലൊളിച്ചിരുന്നു.
7 comments:
അപ്പോള്‍ കഥയിലേക്കും കാലെടുത്ത് വെച്ചു അല്ലെ?
ആദ്യ കഥ തന്നെ ഉഷാറായിരിക്കുന്നു.
ചെമ്മീന്‍ പിടിക്കുന്നവരുടെ ജീവിതത്തിനിടയിലൂടെ കലാകാരനും കാളവില്പനയും ഒക്കെയായി കടന്നുപോയത് നന്നായിരിക്കുന്നു. കാലത്ത് കാളകളെ ആട്ടിക്കൊന്ടുപോകുന്ന രംഗം വായിക്കുമ്പോള്‍ മനസ്സില്‍ തെളിഞ്ഞു.
ആരെയും പൂര്‍ണ്ണമായി വിശ്വസിക്കാന്‍ പാടില്ലെന്ന് തിളിയിക്കുന്ന കഥ ചുരുക്കിപ്പരഞ്ഞത് ഇഷ്ടപ്പെട്ടു.
ഹഹ!! അത് കൊള്ളാം
കഥ തന്നെ ഉഷാറായിരിക്കുന്നു
sudhi puthenvelikara
ചില കഥകള്‍ക്ക് ഭദ്രത തോന്നാറില്ല വായിക്കുമ്പോള്‍. കഥയുടെ ശില്പം വരാറുമില്ല. എന്നാല്‍ ഇതെല്ലാം ഒത്തിണങ്ങി വന്നു ഈ കഥയില്‍. പൊന്‍കുന്നം വര്‍ക്കിയുമെല്ലാം എഴുതി തെളിയിച്ച കഥ ശൈലിയില്‍ പെടുത്താവുന്ന ഒരു രചനയാണ്. എന്നാലും ആധുനികതയും ഇതില്‍ കാണാം. കുട്ടികഥകളില്‍ നിന്നും വലിയ ചെറുകഥകളിലേക്കുള്ള ഈ വരവില്‍ ഇനിയും ഇത് പോലെ നല്ല രചനകള്‍ ഉണ്ടാവട്ടെ
ലക്ഷ്മിയെപ്പറ്റി അശ്ലീലച്ചുവുള്ള വര്‍ത്തമാനം കേള്‍ക്കാന്‍ അശക്തനായ അറുമുഖന് അത് നേരില്‍ കാണാന്‍ ഭാഗ്യം ലഭിച്ചപ്പോള്‍ അവന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു ഇരുട്ടില്‍ ഒളിച്ചു . കാളിപ്പെലി അവന്റെ നഗ്നതയിലേക്ക് ചളി വാരിയെറിഞ്ഞപ്പോള്‍ ഞാനെന്റെ ഉള്‍ക്കണ്ണുകള്‍ തുറന്നു പിടിച്ചു കഥയാസ്വദി ക്കുകയായിരുന്നു.
ശൈലി സ്വയത്തമാക്കിയിരിക്കുന്നു.
നല്ലൊരു കഥ വായിച്ചു.
കഥ പുതിയൊരു വായാനാനുഭവമായി ..മനോഹരമായി പറഞ്ഞു ..ആശംസകള്‍
ഇവിടെയൊരു മാടത്തക്കൂട് ഉണ്ട് ..ഒന്ന് കയറി നോക്കൂ ..
Post a Comment